Friday, July 10, 2009

പടവുകള്‍ കയറവേ...



ഉള്‍വലിയുവാന്‍ കൊതിക്കുന്ന പകലിന്റെ അവസാന നിമിഷത്തില്‍ ഊടുവഴിയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഇലകളില്‍ പൊടികള്‍ സ്വര്‍ണ്ണം പോലെ തിളങ്ങി.ഇരുവശങ്ങളിലേയും തിങ്ങി നിറഞ്ഞ കരിയിലകള്‍ വഴി തെളിയിച്ചു.എങ്ങും നിറഞ്ഞു നില്‍ക്കുന്ന നിശബ്ദതയില്‍ ഞെരുങ്ങിയമരുന്ന കരിയിലകളുടെ ശബ്ദം എന്തോ ഭയമുണ്ടാക്കിയില്ല.എല്ലാത്തിനും ഒടുവിലായി,പൂപ്പല്‍ പിടിച്ചും,താളം തെറ്റിയ ഓടുകള്‍ നിറഞ്ഞതുമായ ആ വീട് എന്റെ മുബില്‍ തെളിഞ്ഞു വന്നു.....


കാലുകള്‍ താഴ്ന്നുപോകുന്ന പൂഴിമണ്ണില്‍ ആവേശത്തോടെ കുതിച്ച കാല്പ്പാടുകള്‍,കൂടെ നിറഞ്ഞ മനസോടെ വിയര്‍പ്പുത്തുള്ളികള്‍ ഇറ്റിച്ചുള്ള അവയുടെ തിരിച്ചു പോക്കും.എന്റെ ചുണ്ടുകള്‍ ഒരു വശത്തേക്കു മാത്രം വലിയുന്നതും,വിഷാദം നിറഞ്ഞൊരു പുച്ഛഭാവം എന്നില്‍ നിറയുന്നതും ഞാനറിഞ്ഞു.


പൂമുഖം വിജനമായിരുന്നു.പ്രതാപകാലം പ്രേതമായി വിലസുന്ന നാലുകെട്ടിന്റെ അകത്തളം എന്റെ വഴിയുടെ അവസാനം എന്നു ഞാനറിഞ്ഞു.ഒരു തിരിഞ്ഞു നോട്ടത്തിനു ഞാന്‍ മുതിരുന്നില്ല.പുറകിലുള്ളത് എന്താണെന്ന് എനിക്കറിയാം.കരിയിലകള്‍ക്കിടയില്‍ തെളിയിച്ചെടുത്ത പാതക്കുമപ്പുറം ഞാന്‍ നടന്ന വഴികള്‍,സ്നേഹം മാത്രം പകര്‍ന്നു നല്‍കിയ രാജവീഥികള്‍,കുണ്ടുകളും കുഴികളും ഉണ്ടെങ്കിലും ഒരറ്റമെത്താന്‍ പ്രാപ്ത്തിയുള്ള ജീവിതരേഖകള്‍.പക്ഷേ ഞാനിത് നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു,എന്റെ പാതയുടെ .!!അകത്തളം ശൂന്യമായി കിടക്കുകയാണ്.മൂകതയില്‍ നിറയുന്ന ഞെരുക്കങ്ങള്‍ എന്റെ പ്രിയതമയുടെയോ?അതോ....അല്ലെങ്കില്‍ മനസില്‍ന്റെ മായയോ?കണ്ണുകളില്‍ പടരുന്ന ഇരുട്ടിനുമപ്പുറം ഒരു വെളിച്ചമുണ്ടോ?അല്ലെങ്കില്‍ ലോകം മുഴുവന്‍ ഇരുട്ടിലാഴുകയാണോ??



മുന്നിലെ പൊളിഞ്ഞുവീഴാറായ പടവുകള്‍ ഞാന്‍ കയറിത്തുടങ്ങി.ഇടറി വീഴരുത്.പടവുകള്‍ മുകളിലേക്കാണ്,ഞാന്‍ താഴേക്കും.ഇടറിയാല്‍ ഞാന്‍ മുകളില്‍ ആയെന്നു വരും,പക്ഷേ പടവുകള്‍ അപ്പോള്‍ താഴേക്കു വിരല്‍ ചൂണ്ടും.തെറ്റിനില്‍ക്കുന്ന കല്ലിന്റെ അവസാന അത്താണിയായ കുമ്മായം എന്റെ പെരുവിരലില്‍ ഞെരിഞ്ഞമര്‍ന്നു.കല്ലിന്റെ പിടിവിട്ടു കഴിഞ്ഞു,ഇനി താഴേക്ക്...കല്ലോ,ഞാനോ??


വാതില്‍ തുറന്നു കിടക്കുകയാണ്.ഒരിക്കലും കൂടിച്ചേര്‍ന്നട്ടില്ലാത്ത കുറത്തനെയും കുറത്തിയെയും പോലെ രണ്ടു പാളികളും മുഖത്തൊടു മുഖം നോക്കി നില്‍ക്കുന്നു." വിഷമിക്കണ്ട ഞാന്‍ നിങ്ങളെ കൂട്ടി ചേര്‍ക്കാം "കൈകളില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന ഈ കയറുകള്‍ സാക്ഷി."സാക്ഷികളേ നിങ്ങളും വിഷമിക്കണ്ട നിങ്ങള്‍ക്കു ഞങ്ങളെയും വീര്‍പ്പുമുട്ടിക്കാം.."രണ്ടു കയറുകളില്‍ തൂങ്ങിയാടി പിരിഞ്ഞു പിരിഞ്ഞ് ഒടുവില്‍ ഒന്നായ് തീരുന്ന പ്രണയം...


പക്ഷേ അകത്തളം ഇപ്പൊഴും നിശബ്ദമാണ് ,ആരുമില്ലേ?ലക്ഷ്യം പിഴക്കുമോ?മനസില്‍ ആധി കയറിത്തുടങ്ങി.മുറികളെല്ലാം തുറന്നു കിടക്കുന്നു.ഉപഭോക്താക്കളുടെ നീണ്ട നിരകള്‍ പ്രതീക്ഷിച്ച്,ആരെയെന്നില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്തു കൊണ്ട് സുഖമുള്ള നിമിഷങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അറകള്‍,വികാരത്തിന്റെ പൊട്ടിത്തെറിയും ചേഷ്ടകളും ഏറ്റുവാങ്ങുന്ന ചുമരുകള്‍.പക്ഷേ അവക്കെല്ലാം എന്തോ നഷ്ടമായതു പോലെ.......അറ്റത്തുള്ള തുറന്ന വാതില്‍ എന്നൊടെന്തോ പറയാനാഞ്ഞതു പോലെ..അതിന്റെ തുറന്ന പാളികളിലൂടെ വെളിച്ചം തറയില്‍ ചതുരം വരച്ചിരിക്കുന്നു.പക്ഷേ അതിനുള്ളില്‍ എന്താണ്..???


...അതിനുള്ളില്‍ അവളുടെ കാലുകള്‍ നിഴല്‍കൂത്ത് നടത്തുകയാണോ?മനസ്സ് അപകടം മണക്കുന്നു.വിറച്ചു നീങ്ങുന്ന എന്റെ കാലുകള്‍ നിഴലുകളെ യാഥാര്‍ഥ്യമാക്കി തുടങ്ങി...കയര്‍ വരിഞ്ഞു മുറുകുകയാണ്.എന്റെ സ്വന്തമായിരുന്ന ആ കണ്ണുകള്‍ എന്നിലേക്കെന്നവണ്ണം ചാടാന്‍ വെന്‍പുന്നു.വിറക്കുന്ന കാലുകളില്‍ കിടന്നു പാദസ്വരങ്ങള്‍ അവള്‍ക്കായി അവസാന ഗീതം പാടുന്നു....


ഭാവങ്ങളോ,വികാരങ്ങളോ ഇല്ലാത്ത നിഴലുകളിലേക്ക് ഞാന്‍ മുഖം തിരിച്ചു.അവിടെ തറയില്‍ വരഞ്ഞ പാടുകള്‍ പാബുകളായി മാറുന്നുണ്ടോ??അവ വിറയ്ക്കുന്ന കാലുകളിലേക്ക് വലിഞ്ഞുകയറുന്നു..അവളെ വരിഞ്ഞുമുറുക്കുന്നു..പിന്നില്‍ നിന്നും പാദസ്വരത്തിന്റെ അവസാന കിലുക്കവം അലിഞ്ഞില്ലാതാവുന്നത് ഞാനറിഞ്ഞു..എന്റെ മുന്നില്‍ അവള്‍ നിറയുകയാണ്.നിശ്ചലയായ അവളുടെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ താഴേക്കു പടരുന്നു.അവയെന്റെ ചുണ്ടുകളുടെ പാത പിന്തുടരുകയാണോ?മനസ്സില് ‍വീണ്ടും പ്രണയം നിറയുകയാണോ........ഒടുവില്‍ ബാക്കിയാവുകയാണ് ഞാനും..ഈ കയറുകളും...

Saturday, July 21, 2007

നീ...


ആടിക്കുഴഞ്ഞു ഊഴിയിലേക്ക് ഊളിയിടുന്നൊരെന്‍ ജീവാത്മാവെ
നിന്റെ പൂര്‍വ്വരൂപമൊന്നു ഓര്‍ത്തുകൊള്ളട്ടെ ഞാന്‍,
നിന്റെ സത്തയെയ്യും,സന്തോഷങ്ങളേയും
പൂര്‍വ്വാനുരാഗത്തേയും തിരിച്ചെടുക്കട്ടെ ഞാ‍ന്‍,
കഴിവുറ്റ,ജീവസുറ്റ നിന്റെ തിളങ്ങുന്ന നയനങ്ങള്‍
വിടര്‍ന്നിരുന്നത് എപ്പോഴെന്നു പറഞ്ഞിടട്ടെ ഞാന്‍....


നിന്റെ കലങ്ങി മറിയപ്പെട്ട മനമെന്നതില്‍
നിറഞ്ഞു നിന്നിരുന്ന ലതയെയും വള്ളിയെയും
പിന്നെയാ കുസുമകമലത്തേയും ഓര്‍ത്തിടട്ടെ ഞാ‍ന്‍......

വിടര്‍ന്നു നിന്നു നിന്‍ മനം കുളിര്‍പ്പിച്ച് ,പിന്നെ
പതുക്കെ തളര്‍ന്നു, നിന്റെ ചെളിക്കുണ്ടില്‍ മറ്റൊരു ചെളിയായി,

വരിഞ്ഞു മുറുക്കുന്ന വള്ളിയായി,രക്തമൂറ്റുന്ന വേരുകളായി,
ഒടുവിലീ ജീവന്റെ ,ആത്മാവിന്റെ യമനായി അതു മാറിയതു അറിയുന്നു ഞാന്‍..

അറിയുകയാണു ,നിന്റെ ചലങ്ങളില്‍,ആ മിഴികളില്‍
പതുക്കെ മിടിക്കുന്ന ഹ്രിദയത്തില്‍ പിന്നെ നിന്നിലെ
വറ്റിവരണ്ട കണ്ണുനീര്‍ ചാലുകളില്‍...

കരയേണ്ടു നീയെന്നു പറയുവാനാഞ്ഞെങ്കിലും
പതുക്കെ നിന്‍ വ്യദകളില്‍ അറിയാതെ അലിഞ്ഞു ഞാന്‍
പതുയ്കെ നിന്‍ നീര്‍പ്പടര്‍പ്പുകള്‍ എന്നിലേക്കു പടര്‍ത്തി..
ഭൂതകാലത്തില്‍ ആറാട്ടു നടത്തുമീ നിമിഷങ്ങളില്‍
എന്നുമെന്‍ ഓര്‍മ്മയില്‍ ചരിക്കുന്നു നീ.....

മഴവില്ല്

മഴവില്ല്

കനം വെക്കാത്ത ആഗ്രഹങ്ങള്‍,അതെന്നും
മനസ്സിന്റെ എല്ലാ കോണുകളിലും സന്തോഷം വിടര്‍ത്തും..
ഇടക്കെങ്ങോ അവയില്‍ നിന്നും അടര്‍ന്നു പോവുന്ന
കണികകള്‍ യാതാര്‍ത്യങ്ങളില്‍ അലിയും..
ചിലപ്പോഴതു വീണ്ടും ആഗ്രഹമെന്ന തീയിന്‍‍ ചൂടില്‍
ബാഷ്പമായ് എന്റെ ചുറ്റിലും പടരും..
അറിയില്ല ,എങ്ങോ മറഞ്ഞു പോയ യാതാര്‍ത്യത്തിന്‍
നോവിന്റെ തീക്ഷ്ണത എന്നെന്നെ തേടി എത്തുമെന്ന്..
അതിന്റെ കനല്‍ക്കാറ്റില്‍ ഒരിറ്റു ദാഹജലത്തിനായ്
എത്ര ദൂരം അലയേണ്ടി വരുമെന്നും..
എങ്കിലും...
ചുറ്റിലും നിറയുന്ന ബാഷ്പകണങ്ങളില്‍
മഴവില്ലു തീര്‍ത്തു ഞാന്‍ പുഞ്ചിരിക്കുന്നു....

Friday, July 20, 2007

മിഴികള്‍ തുറക്കുന്നു ഞാന്‍...


പറയുന്നതു കേട്ടിരിക്കാതെ,
കാഴ്ച്ചകള്‍ കണ്ടു മനം മറന്നു നില്‍ക്കാതെ,
എന്റെ മിഴികളില്‍ നൊക്കാതെ,
നിങ്ങള്‍ പോയി....
ഇന്ന്‍ നിങ്ങളില്‍ നിന്നുമെല്ലാം അകലെ നിന്നു കൊണ്ടു
ഞാനെന്റെ മിഴികള്‍ തുറക്കുന്നു...
നിങ്ങളെ കാണുന്നു...

 
blog design by suckmylolly.com